പ്രിയരെ, നമ്മുടെ വിദ്യാലയം കിഴക്കമ്പലത്തിൻ്റെ സാംസ്കാരിക സാമൂഹിക സരണികളിൽ നിരന്തരം ഇടപെട്ടുകൊണ്ട് ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം പിന്നിടുകയാണ്. അറിവ് അടിസ്ഥാനമായുള്ള സമൂഹത്തിനേ സാംസ്കാരികമായി ഉയർന്ന നിലവാരം പുലർത്താനാവുകയുള്ളു എന്ന യാഥാർത്ഥ്യം മനസിലാക്കി അതിനായി തലമുറകളെ ഒരുക്കുന്ന പ്രവർത്തനമാണ് വിദ്യാലയങ്ങളിൽ നടക്കേണ്ടത്. അതുകൊണ്ടുതന്നെ നമ്മുടെ വിദ്യാലയം പഠിതാവിൻ്റെ സർവതോന്മുഖമായ വികാസമാണ് ലക്ഷ്യമിടുന്നത്. പഠനകാര്യങ്ങളിൽ സാധ്യമായ എല്ലാ മത്സരപരീക്ഷകളിലും വിദ്യാർത്ഥികളെ തയാറാക്കി പങ്കെടുപ്പിക്കുന്നതോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റ് സർഗാത്മക തലങ്ങളിലുള്ള കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും അവയുടെ പ്രകടനത്തിനും മത്സരത്തിനും അവസരങ്ങൾ സൃഷ്ടിക്കുക എന്നതുകൂടി ഞങ്ങളുടെ അധ്യാപകർ ഏറെ ഭംഗിയായി നിർവ്വഹിച്ചുവരുന്ന കാര്യമാണ്. കഴിഞ്ഞ വർഷങ്ങളിൽ അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം മേളകളിലും മറ്റ് മത്സരങ്ങളിലും നിലനിർത്തുന്ന തിളക്കമാർന്ന വിജയം അതിന് ഉദാഹരണമാണ്. മത്സരവിജയങ്ങൾക്കും അതിജീവനങ്ങൾക്കും ഏറെ പ്രാധാന്യമുള്ള പുതിയകാലത്ത് അതിനായി പുതു തലമുറയെ ഒരുക്കുവാൻ ഞങ്ങളിൽ രക്ഷിതാക്കളർപ്പിക്കുന്ന വിശ്വാസത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിർലോഭമായ സഹകരണത്തിലും സന്തോഷത്തിലും കൃതജ്ഞത അറിയിക്കട്ടെ. നാളത്തെ നാവുകൾ നല്ലത് പറഞ്ഞ് നല്ലതിനുവേണ്ടി പൊരുതുന്ന നന്മയുടെ വക്താക്കളാവാൻ നമുക്കൊരുമിക്കാം. വിശ്വാസത്തോടെ..

GIGIMOL T E
Headmistress